തിരിഞ്ഞിറക്കം - പിതാമഹം 1
ചിത പോലെ എരിഞ്ഞുകൊണ്ടിരുന്ന ആകാശത്തിനു കീഴില്‍ ഒന്നു കിതച്ചു.
വഴി ഇവിടെ പിരിയുകയാണ്.
വയലിന്‍ മാറിലൂടെ ഒന്ന്. പിന്നൊന്ന് പുഴക്കരയിലെക്കായിരിക്കും.
കാറ്റില്‍ ചേറിന്‍റെ നേര്‍ത്ത ഗന്ധം. ഞാറ്റു പാട്ടുകള്‍ കേട്ടുറങ്ങിയിരുന്ന ഓലതലപ്പുകള്‍.
വരമ്പുകള്‍ക്കിടയില്‍ കാലവര്ഷത്തിന്‍റെ ഓര്‍മ്മ .
ആരോട് ചോദിക്കും ? മനുഷ്യന്‍ ഒഴിഞ്ഞ ഒരിടം പോലെ...
പുഴക്കരയിലേക്ക് തന്നെ..പുഴയുടെ തിട്ടിലേക്ക് കരിഞ്ഞു തുടങ്ങുന്ന പുല്‍മേട്.
കുളിക്കടവും ഒഴിഞ്ഞിരിക്കുന്നു.
എവിടെയോ ഒറ്റപ്പെട്ട കാക്കയുടെ കരച്ചില്‍. ഒരു പയ്യും അതേറ്റെടുക്കുന്നു.
ഇരുപത്താറു വര്‍ഷം മുന്പെഴുതിയ അലിഞ്ഞു തീരാറായ ചിത്രത്തിന് വലിയ വ്യത്യാസം ഇല്ല.
ഒന്ന് കൂടി ഒന്ന് തെളിച്ചെടുക്കണം, അത്ര മാത്രം .
വഴി തെറ്റില്ല . കാലുകള്‍ക്ക് വ്യക്തമായ ദിശബോധമുള്ളത് പോലെ...
ജീവനറ്റു കിടക്കുന്ന തിട്ടുകളും, അതില്‍ വീണു ചരമം അടഞ്ഞു കിടക്കുന്ന തെങ്ങുകളും... ഇലകള്‍ മുടിയിഴപോലെ കീറിപ്പറിഞ്ഞ വാഴകള്‍, എന്തോ ഒരു നഷ്ടമോ..അല്ലെങ്കില്‍ ഒരു ദുരന്താനന്തരമോ...
ഈ വരമ്പുകളില്‍ ഈ പാദം എന്നെങ്കിലും പതിയുമെന്നു ഓര്‍ത്തിരിക്കുമോ ? ഇത്ര കാലത്തിനുമപ്പുറം..
പുറന്തിണ്ണയില് നിന്നു കുന്നിഞ്ഞു നോക്കീട്ടുണ്ടാവുമോ ഒരിക്കലെന്കിലും ?
ഏയ് ...അത്ര ദുര്‍ബലന്‍ ഒന്നും ആയിരുന്നില്ലല്ലോ..
പ്രതീക്ഷ പോലെ തന്നെ...
"ശ്വേതാ.."
ഒരു മാറ്റവും ഇല്ല. താടി മാത്രം ഒരുപാടു നീണ്ടിരിക്കുന്നു. നീണ്ടു ഇട തൂര്‍ന്ന മുടിയില്‍ മറയുന്നെന്കിലും ഭാവ ഭേദം ഇല്ലാതെ, ഐസുകട്ട പോലെയുള്ള മുഖം.
ഇരുപത്താറു നീണ്ട വര്‍ഷങ്ങള്‍...
ഈ കാത്തിരിപ്പ് തന്നെ അധികമല്ലേ? ഉപചാരങ്ങളുടെ പൊയ്മുഖങ്ങള്‍ എന്തിന്? ശബ്ദിച്ചു പോലും ഇല്ല.
കണ്ണടയ്ക്ക് മീതെ കയറിയ നോട്ടത്തില്‍ അറിയാം കാത്തിരുപ്പ് നീണ്ടിട്ടുണ്ട്.
"നിനക്കു ഇവിടെ തങ്ങണം എന്നുണ്ടോ, സൌകര്യം ഒന്നും തന്നെ ഇല്ല.."
ഇല്ല, തങ്ങണം എന്നല്ല..കാണുക പോലും വേണ്ട..ഒരു നിമിഷം പോലും ഇവിടെ നില്‍ക്കേണ്ട..
ഒന്നും കേള്‍ക്കാതെ തന്നെ ശ്വേതന് ഗ്രഹിച്ചു.
"വരൂ.."
നിശബ്ദത കൊണ്ട് സംസാരിച്ച് ശ്വേതന് നടക്കുമ്പോള്‍ ആ കാല്‍പാടുകള്‍ മാത്രമെ കാണാനുള്ളൂ.
പൊളിഞ്ഞു കിടക്കുന്ന ഗേറ്റും കടന്നു നീങ്ങുമ്പോള്‍ എതിര് വന്ന ആരോ സ്വെതനോട് തിരക്കുന്നു.
ഒന്നിലേക്കും ശ്രദ്ധിക്കാന്‍ വയ്യ. അമ്പരപ്പുള്ള മുഖങ്ങള്‍ മണ്ണില്‍ പ്രതിബിംബിക്കുന്നുണ്ടോ...
നാട്ടു വഴിക്ക് മുന്പേ ഒരു തെങ്ങിന് ചുവട്ടില്‍ നിര്ത്തി വച്ചിരുന്ന ബുള്ളെറ്റില്‍ കയറിയിരുന്നു കൊണ്ട് ശ്വേതന്‍ തിരിഞ്ഞു നോക്കി. മുന്‍പും അവന്‍ അങ്ങനെ ആയിരുന്നു. ഒരിക്കലും ക്ഷണിക്കില്ല.
ഓരോ യാത്രയും എങ്ങോട്ട് എന്ന് തീര്‍ച്ചയില്ലല്ലോ, പ്രതീക്ഷ മാത്രം..
ബുള്ളറ്റിന്‍റെ ഇടിയൊച്ചയില്‍ കണ്ണുകള്‍ പിന്തുടര്‍ന്ന് വരും മുന്പേ...ഈ മനസ്സു വായന ഇപ്പോഴും..
ചെവിയില്‍ കാറ്റിന്‍റെ ഇരമ്പത്തില്‍ കണ്ണുകള്‍ അടച്ചു.
ഒരു ചുഴി നീന്തി കയറുന്നു.. ശ്വേതന്‍റെ പിന്നാലെ..
പിടിച്ചു താഴ്ത്തി കളയുമായിരുന്ന ഒരു ചുഴി..
നടുക്കത്തില്‍ കണ്ണു തുറന്നപ്പോള്‍ കുമിയുന്ന പൊടി..
ശ്വേതന്‍റെ പരന്നു കുട പോലെ വിരിഞ്ഞ മുടിയില്‍ മുഖം മറച്ചു ഭീരുവായി..
ഇനിയൊരിക്കലും വരില്ലെന്നോര്‍ത്ത ഈ പൊടിപിടിച്ച വഴിയിലൂടെ വായു വിമാനത്തില്‍..
പിന്നിലെക്കൊന്നു തിരിഞ്ഞു നോക്കാന്‍.. വേണ്ട..
ശ്വേതന്‍റെ ഗന്ധം...കണ്ണുകള്‍ തുറക്കാതിരിക്കട്ടെ..
ആനപ്പുരമേറിയ നിമിഷം സന്തോഷം കൊണ്ട് അട്ടഹസിച്ചു പോയ നാലു വയസ്സിന്‍റെ ഉത്സാഹം... "വീഴരുത്.." എന്ന വിലക്ക്.. വെളിച്ചെണ്ണയില്‍ കുതിര്‍ന്ന മുടിയില്‍ പിടിക്കുമ്പോഴും മനസ്സില്‍ പൂരം..
"ഇറങ്ങെടാ.."
ഞെട്ടിയുണര്ന്നപ്പോള്‍ വായു വിമാനം നില്ക്കുകയാണ്. പറ്റിപ്പിടിചിരിക്കുന്നത് ശ്വേതന്‍റെ പിന്നില്‍.
"ഇനി ഇത്രയധികം വേദനിക്കേണ്ട..സത്യം ജയിക്കും എന്നുള്ളത് വെറും ഒരു വ്യാമോഹം മാത്രമാണ്. പക്ഷെ എപ്പോഴും നടക്കുക ഒരു കോംപ്റൊമൈസ് . എന്നാലും ആ വ്യാമോഹം ഒരിക്കലും അവസാനം ഇല്ലാത്ത ആകര്‍ഷണമാണ്.."
ശ്വേതന്‍ ബുള്ളറ്റ് പാതയോരത്തെ പുല്ലിലേക്ക് ഉരുട്ടിയിറക്കി. വെയിലിനു ശക്തി കുറഞ്ഞിട്ടില്ല.
എങ്ങും ഒരൊച്ചയും കേള്‍ക്കാനില്ല.
"അവിടെയാണ്.."
ശ്വേതന്‍ വയലിനപ്പുറത്തുള്ള പുരയിടത്തിലേക്ക് ചൂണ്ടി.
"വേണ്ട ..വയ്യ..."
വീണ്ടും കാറ്റിന്‍റെ മറവില്‍ മുഖം ഒളിപ്പിച്ച്..
എന്ത് ചോദിക്കണം..ചോദ്യം തന്നെ വേണോ ?
ഈ വായുവില്‍ അലിഞ്ഞു നിന്നു കൊണ്ടു ഇതു കാണുന്നുണ്ടോ ?
ഈ വായു ശ്വസിച്ചപ്പോള്‍ത്തന്നെ വളരെ പ്രിയമായ, എന്നാല്‍ കുറഞ്ഞു പോയിരുന്ന എന്തോ ഒന്നു കൂട്ടിചെര്‍ക്ക പെട്ടത് പോലെ... ജീവന്‍ എല്ലാം ഒന്നു തന്നെ ആണോ ? ജീവ വായു ഒന്നു ആണല്ലോ ?
എങ്കിലും പിടിവിട്ടു പോയി ..
" എന്നെപ്പറ്റി അന്വേഷിചിരുന്നുവോ ...?"
വയല്‍ ഒരു കടല്‍ എന്നപോലെ ദീര്‍ഘവും ആഴമേറിയതുമായ നോട്ടത്തിലേക്ക് ശ്വേതന്‍ മുഴുകി ..
(തുടരും)
1 comment:
" എന്നെപ്പറ്റി അന്വേഷിചിരുന്നുവോ ...?"
വയല്‍ ഒരു കടല്‍ എന്നപോലെ ദീര്‍ഘവും ആഴമേറിയതുമായ നോട്ടത്തിലേക്ക് ശ്വേതന്‍ മുഴുകി ..
Post a Comment